ഓണക്കാലത്ത് പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം കലര്‍ന്ന പാലിന്റെ വിപണനം തടയുന്നതിനുമായി ജില്ലാ ക്ഷീരവികസന വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധന ക്യാമ്പ് സിവില്‍ സ്റ്റേഷനില്‍ തുടങ്ങി. ക്യാമ്പിന്റെയും ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനുളള മില്‍ക്ക് ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യാതിഥിയായി.പാല്‍ പരിശോധനയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കളക്ടര്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 7 വരെയാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ലാബില്‍ ഉപഭോക്താക്കള്‍ക്ക് പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം. ഗുണനിലവാര പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല്‍ സാമ്പിളെങ്കിലും കൊണ്ടുവരണം. പാക്കറ്റ് പാല്‍ ആണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 203093 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി, ഫുഡ് സേഫ്റ്റി ഓഫീസര്‍ എം.കെ രേഷ്മ, മില്‍മ പി ആന്റ് ഐ മേധാവി ബിജു സ്‌കറിയ, ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി.എച്ച് സിനാജുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.