നിരോധിത ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

സംസ്ഥാന സർക്കാർ സെപ്റ്റംബർ 6 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഹരിതചട്ടം കർശനമായി പാലിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ 30 വേദികളിലായി ഇക്കുറി വിപുലമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടേതാണ് തീരുമാനം. കമ്മിറ്റി ചെയർമാൻ എം. വിൻസന്റ് എം.എൽ.എയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലയിലെ ഓണാഘോഷ വേദികൾ പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേർന്ന് ഓരോ സബ് കമ്മിറ്റികളും പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ജില്ലയിലെ എല്ലാ ഓണാഘോഷ വേദികളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലനം ഉറപ്പാക്കുന്നതിനായി ഹരിതകർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തും. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, വേദികൾ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങൾ.

വോളന്റിയർ കമ്മിറ്റിയുടെ സഹകരണത്തിൽ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, വോളന്റീർമാരുടെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും മുഴുവൻ സമയ പട്രോളിങ്ങും ഉണ്ടായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ അത്തരം വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ ഉണ്ടാവുമെന്ന് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി  അറിയിച്ചു. പൊതുജനങ്ങൾ ഓണാഘോഷ വേദികളിൽ നിരോധിത ഉൽപ്പന്നങ്ങൾ കൊണ്ട് വരാതിരിക്കുന്നതിനും മാലിന്യം അതത് ബിന്നുകളിൽ തരംതിരിച്ചു നിക്ഷേപിക്കുന്നതിനും ശ്രദ്ധിക്കണണെന്നും കമ്മിറ്റി അഭ്യർഥിച്ചു.