കുടുംബശ്രീയുടെ സംസ്ഥാന ബാലപാർലമെന്റിന് മുന്നോടിയായി തെരഞ്ഞെടുത്ത 140 ബാലപ്രതിനിധികൾക്ക് പാർലമെന്ററി സംവിധാനത്തെക്കുറിച്ചുള്ള പരിശീലന പരിപാടി നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ചു. കെ-ലാംപ്‌സ് (പാർലമെന്ററി സ്റ്റഡീസ് ) -ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ. എം. ബഷീർ, കെ-ലാംപ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗ്ഗീസ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അരുൺ പി. രാജൻ  എന്നിവർ സംസാരിച്ചു. പാർലമെന്ററി ഭരണസംവിധാനത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് പരിശീലന പരിപാടി സഹായകമാകട്ടെയെന്ന് നിയമസഭാ സെക്രട്ടറി എ. എം. ബഷീർ ആശംസിച്ചു.

നിയമസഭാ അഡിഷണൽ സെക്രട്ടറി കെ. സുരേഷ് കുമാർ പരിശീലനം നയിച്ചു. ജനാധിപത്യ സംവിധാനത്തിന്റെ ആവിർഭാവവും ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ സവിശേഷതകളും നിയമസഭയുടെ പ്രവർത്തനവും സംബന്ധിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ബാലപ്രതിനിധികൾക്ക് വിശദീകരിച്ചു നൽകി. നിയമസഭാ രൂപീകരണം, സഭയിലെ പൊതുവായ നടപടിക്രമങ്ങൾ എന്നിവ വിശദമായി അവതരിപ്പിച്ചു.

ബാലസഭ പ്രതിനിധികളായി 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 140 കുട്ടികളും 40 മിഷൻ ഫാക്കൽറ്റികളും കുടുംബശ്രീ പ്രതിനിധികളും പരിശീലന പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർ അസംബ്ലി ഹാൾ, നിയമസഭാ മ്യൂസിയം എന്നിവ സന്ദർശിച്ചു.