ക്ഷീര വികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഓണക്കാല ഊര്‍ജ്ജിത പാല്‍ പരിശോധനയ്ക്കായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പാല്‍ പരിശോധനാ ലാബോറട്ടറി ആരംഭിച്ചു. ലബോറട്ടറിയുടെ ഉദ്ഘാടനം വാഴൂര്‍ സോമന്‍ എംഎല്‍എ നിര്‍വഹിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ എത്തിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ശുദ്ധമായ പാല്‍ പീരുമേട് നിയോജക മണ്ഡലത്തില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയണമെന്നും തോട്ടം മേഖലയില്‍ ക്ഷീര വികസന പദ്ധതികള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വര്‍ദ്ധിക്കുന്നതിനാല്‍, അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് പാല്‍ കൊണ്ടുവരികയും മാര്‍ക്കറ്റില്‍ വിറ്റഴിക്കപെടുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് ഗുണ നിലവാരം കുറഞ്ഞ പാല്‍ വിപണിയില്‍ വിറ്റഴിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിര്‍ത്തി കടന്നു വരുന്ന പാലിന്റെയും മാര്‍ക്കറ്റില്‍ ലഭ്യമായ വിവിധ പാക്കറ്റ് പാലുകളുടേയും ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ചു ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാല പ്രത്യേക പാല്‍ പരിശോധന നടത്തുന്നത്.

പരിശോധന സാമ്പിളുകളുടെ ഗുണനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ദിവസവും വൈകുന്നേരം സര്‍ക്കാരിലേക്ക് അയക്കും. മനുഷ്യ ശരീരത്തിന് ഹാനികരമായ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള എതെങ്കിലും രാസവസ്തുക്കള്‍ പാലില്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. സെപ്റ്റംബര്‍ 7 വരെ പരിശോധന തുടരും. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ അധ്യക്ഷത വഹിച്ചു. പരിശോധനയ്ക്കുള്ള ആദ്യ പാല്‍ സാമ്പിള്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് സ്വീകരിച്ചു.

ക്ഷീര വികസന വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ്, ഫുഡ് സേഫ്റ്റി വിഭാഗം അധികൃതര്‍, ക്ഷീര വികസന വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.