വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കം. ഊരുമൂപ്പന്മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ബോധവത്ക്കരണം നല്‍കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. അഗളി മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന പരിപാടിയില്‍ എങ്ങനെ ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാം എന്ന് പരിചയപ്പെടുത്തി. ഊരു മൂപ്പന്മാരോടും പ്രമോട്ടര്‍മാരോടും ഊരുകളില്‍ ആധാര്‍ കാര്‍ഡ്-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണം നല്‍കണമെന്നും വോട്ടര്‍ പട്ടികയിലുള്ള തിരുത്തുകള്‍, വോട്ടര്‍ക്ക് പോളിങ് ബൂത്തിലേക്കുള്ള ദൂരം തുടങ്ങിയ പ്രശ്‌നങ്ങള്‍ ബി.എല്‍. ഒ.മാരെ അറിയിക്കണമെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. എസ്.ടി. പ്രമോര്‍ട്ടര്‍മാര്‍ക്ക് കൂടുതല്‍ ബോധവത്ക്കരണം നല്‍കി പ്രമോട്ടര്‍മാര്‍, ബി.എല്‍.ഒമാര്‍ മുഖേന ഊരുകളില്‍ കൂടുതല്‍ അവബോധം നല്‍കി എല്ലാവരുടെയും ആധാര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
പരിപാടിയില്‍ ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ്, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ സുരേഷ് കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.