നടയകം അരി വിപണിയിലിറങ്ങി
കാർഷികവൃത്തിയിലൂടെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.
നടയകം അരിയുടെ വിപണനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിക്കോടി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയിൽ പുറക്കാട് നടയകം പാടശേഖരത്തിൽ കൃഷിചെയ്ത നെല്ലാണ് നടയകം എന്ന പേരിൽ അരിയാക്കി ഇറക്കിയത്. 25 ശതമാനം തവിട് കളഞ്ഞ ​ഗുണമേന്മയുള്ള നാടൻ പുഴുങ്ങലരി പഞ്ചായത്തിന്റെ സഹകരണത്തോടെ നടയകം പാടശേഖര സമിതിയാണ് വിപണിയിലെത്തിച്ചത്.
കിലോഗ്രാമിന് 80 രൂപയാണ് വില. ഒന്നേകാൽ, രണ്ട്, രണ്ടര, അഞ്ച് കിലോ പാക്കറ്റുകളിൽ പുറക്കാടുള്ള പാടശേഖര സമിതിയുടെ യൂണിറ്റിലും ഓണചന്തയിലും അരി ലഭ്യമാകും.
നടയകം അരിയുടെ ആദ്യവിൽപ്പന മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. നടയകം അരിയുടെയും പാടശേഖര സമിതിയുടെയും ലോഗോ പ്രകാശനം എം.പി ഷിബു നിർവഹിച്ചു.
കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യൻ, ആർ വിശ്വൻ, തിക്കോടി പഞ്ചായത്തംഗങ്ങൾ, എഡിഎ അനിത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.ഡി മീന, കൃഷി ഓഫീസർ പി സൗമ്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് സ്വാഗതവും നടയകം പാടശേഖര സമിതി അംഗം സുകുമാരൻ നന്ദിയും പറഞ്ഞു.