ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളക്ക് തുടക്കമായി. ജില്ലയിലെ കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന കൈത്തറി തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ അച്ചാറുകൾ, കുടുംബശ്രീ സംഘകൃഷികാർ ഉത്പാദിപ്പിച്ച നാടൻ പച്ചക്കറികൾ, പൂക്കളം ഒരുക്കുന്നതിന് വിവിധതരം പൂക്കൾ, മറ്റു മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ മേളയിൽ ലഭിക്കും. സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമുള്ള മേള സെപ്റ്റംബർ ഏഴിന് വൈകിട്ട് എട്ട് വരെ പ്രവർത്തിക്കും. പ്രവേശനം സൗജന്യമാണ്.

സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി.എസ്. മനോജ്‌ നിർവഹിച്ചു. പരിപാടിയിൽ പ്രശസ്ത പിണണി ഗായകൻ സുധീഷ് മരുതലം മുഖ്യാതിഥിയായി. മേളയോട് അനുബന്ധിച്ച് കലാ-സാംസ്‌കാരിക പരിപാടികൾക്കും തുടക്കമായി. ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മി, സെയ്തു മുഹമ്മദ്‌, ജിജിൻ, സബിത, അഭിജിത് മാരാർ എന്നിവർ സംസാരിച്ചു.