പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ പാലങ്ങളും ദേശീയപാതയില്‍ വിള്ളല്‍ വീണ ഭാഗവും ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. മീനങ്ങാടി പഞ്ചായത്തിലെ മാനികാവ് ചൂതുപാറ റോഡിലെ ആലിലക്കുന്ന് പാലം തകര്‍ന്ന സ്ഥലത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് ഒപ്പമാണ് കളക്ടര്‍ എത്തിയത്. ഞായറാഴ്ച്ച വൈകീട്ട് നാല് മണിയോടെ പെയ്ത ശക്തമായ മഴിയിലാണ് പൂതാടി എരുമത്താരി വയല്‍ റോഡിലെ പാലവും മീനങ്ങാടി ആലിലക്കുന്ന് പാലവും പൂര്‍ണമായും തകര്‍ന്നത്. ഇരു പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ വേണ്ട എസ്റ്റിമേറ്റും താല്‍കാലികമായി പാലത്തി ലൂടെയുള്ള സഞ്ചാര സൗകര്യം ഒരുക്കുന്നതിനും പഞ്ചായത്ത് സാങ്കേതിക വിഭാഗം അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പാലം പുനര്‍ നിര്‍മ്മിക്കുന്നതിനായി ജനപ്രതിനിധികളുടെയും പ്രളയ ദുരിതാശ്വാസ ഫണ്ടും ഉപയോഗിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ മീനങ്ങാടി ചില്ലിങ്ങ് പ്ലാന്റിന് സമീപത്തുണ്ടായ റോഡിലെ വിള്ളല്‍ അടയ്ക്കുന്നതിന്റെ അറ്റകുറ്റപണികളും ജില്ലാ കളക്ടര്‍ നിരീക്ഷിച്ചു. പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ദേശീയ പാത അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്‌റത്ത്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി, ഹെഡ് കോര്‍ട്ടര്‍ ഡെപ്യൂട്ടി താസില്‍ദാര്‍ ടി.വി പ്രകാശ്, വാര്‍ഡ് മെമ്പര്‍ ഐ.ബി മൃണാലിനി, അംബിക ബാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.