പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനായിരിക്കും ഇനി മുന്‍ഗണന നല്‍കുകയെന്ന് ജില്ലാ കളക്ട
ര്‍ പി.ബി. നൂഹ് പറഞ്ഞു. ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തിരുവല്ല താലൂക്കിലാണ്. രണ്ടാമത് കോഴഞ്ചേരി താലൂക്കാണ്. മറ്റ് താലൂക്കുകളിലും ക്യമ്പുകളുണ്ട്. ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനുള്ള വളരെയേറെ അവശ്യ വസ്തുക്കള്‍ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററിലെ പ്രധാന ഹബില്‍ എത്തുന്നുണ്ട്. ഇത് ഇവിടെ നിന്നും  സബ് ഹബുകളില്‍ എത്തിക്കുകയും തുടര്‍ന്നു ക്യാമ്പുകളില്‍ വിതരണം ചെയ്തു വരുകയുമാണ്. വെള്ളക്കെട്ടുള്ളതിനാല്‍ ക്യാമ്പുകളിലേക്കു വരാന്‍ കഴിയാത്തവര്‍ക്ക് വീടുകളിലേക്ക് ആഹാര സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഏഴ് പ്രധാന ആശുപത്രികള്‍, 43 പിഎച്ച്‌സി 12 സിഎച്ച്‌സി എന്നിവ ജില്ലയിലുണ്ട്. ഇവയുമായി ബന്ധപ്പെട്ടാണ് ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. ഇതു കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള 170 ഡോക്ടര്‍മാരെയും മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ താമസിക്കുന്നവരുടെയും വീടുകളില്‍ കഴിയുന്നവരുടേയും ആരോഗ്യസ്ഥിതി പരിശോധിക്കുക, ആവശ്യമായ ചികിത്സയും മരുന്നും നല്‍കുക തുടങ്ങിയവയാണ് ഇവരുടെ ഉത്തരവാദിത്വം. ക്യാമ്പില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയില്‍ പരിരക്ഷിക്കുന്നതിന് വിപുലമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
വീടുകളും പരിസരങ്ങളും ശുചീകരിക്കുക, റോഡുകള്‍ ശുചീകരിക്കുക, കിണറുകള്‍, കക്കൂസുകള്‍ തുടങ്ങിയവ ശുചിയാക്കുക, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്നിവയ്ക്കും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞു. ശുചീകരണത്തിനായി തിരുവല്ല താലൂക്കില്‍ മാത്രം 1000 വോളന്റിയേഴ്‌സിന്റെ ടീം സജ്ജമാക്കി കഴിഞ്ഞു. ഇതുപ്രകാരം അഞ്ചു പേര്‍ അടങ്ങുന്ന ഒരു ടീം ഓരോ വീടുകളിലും ചെന്ന് ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കും. വെള്ളം കയറിയ വീടുകളിലെല്ലാം ഒരടിയോളം ചെളി നിറഞ്ഞിരിക്കുകയാണ്. ഇതു ക്ലീന്‍ ചെയ്യുകയെന്നത് വലിയ പ്രയത്‌നമാണ്. വീട്ടിലുള്ളവരുമായി സഹകരിച്ചായിരിക്കും ഈ ടീം പ്രവര്‍ത്തിക്കുക. ഇതിനു പുറമേ എല്‍പിജി ചോര്‍ച്ച, അപകടമുണ്ടാകാന്‍ സാധ്യതയുള്ള മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശവും ടീമിന് നല്‍കും.  തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.