ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡോ. സമുദ്ര മധുവും ഡോ. സമുദ്ര സജീവും ചേർന്നൊരുക്കിയ ‘ജലം’ കണ്ടംപററി ഡാന്‍സ് ശ്രദ്ധേയമായി. വരുണ ഭഗവാനാണ് ജലം ഭൂമിയിൽ കൊണ്ടുവന്നത് എന്ന ഐതീഹ്യത്തിൽ നിന്നു തുടങ്ങി ജലത്തിന്റെ വിവിധ ഭാവത്തെ നൃത്തച്ചുവടുകളിലൂടെ ‘ജലം’ പ്രേഷകർക്ക് മുന്നിലെത്തിച്ചു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായി തളിയിലെ വേദിയിലാണ് ‘ജലം’ അരങ്ങേറിയത്.
ശാന്തം, സ്നേഹം, ലാസ്യം, പ്രണയം തുടങ്ങി ഐതിഹ്യവും യാഥാർഥ്യവും സംയോജിപ്പിച്ചു കൊണ്ടുള്ള ആഖ്യാന രീതിയാണ് ജലത്തിന്റെ ഒന്നാം പകുതിയിൽ അവലംബിച്ചത്. രണ്ടാം പകുതിയിൽ ഐതീഹ്യത്തിൽ നിന്നും യാഥാർഥ്യത്തിലേക്കു കടന്നു. ശുദ്ധജലം മലിനമാക്കപ്പെടുന്ന സാഹചര്യങ്ങൾ നൃത്ത രൂപത്തിൽ വേദിയിലെത്തി.
ശുദ്ധജലം മലിനമാക്കുന്ന ജനത്തെ പ്രതിനിധീകരിച്ച് കടന്നുവരുന്ന രാക്ഷസ വേഷം നൃത്താവതരണത്തെ വ്യത്യസ്തമാക്കി. ശുദ്ധജലത്തിന്റെ ദൗർലഭ്യവും, ജീവജാലങ്ങളുടെ വിനാശാവസ്ഥയും നർത്തകരുടെ ശരീര ഭാഷയിലൂടെ വ്യക്തമാക്കി. പിന്നീട് രൗദ്രരൂപിയായി പ്രതികരിക്കുന്ന ജലം പ്രളയമായി അവതരിക്കുന്നതോടെയാണ് നൃത്താവതരണം അവസാനിക്കുന്നത്. ജലം അമൂല്യമാണെന്നും അതിനെ ബഹുമാനിക്കാനും സംരക്ഷിക്കാനും ജനങ്ങൾ ശ്രദ്ധിക്കുകയും വേണമെന്ന സന്ദേശമാണ് കലാകാരന്മാർ ജലത്തിലുടനീളം മുന്നോട്ട് വെക്കുന്നത്.
ചടുലമായ നൃത്തച്ചുവടുകൾക്കനുസൃതമായിട്ടായിരുന്നു വാദ്യോപകരണങ്ങളുടെ ശബ്ദം. നൃത്താവതരണത്തിന്റെ ആരംഭം മുതൽ അവസാനം വരെ കലാകാരന്മാരുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു പ്രേക്ഷകർ. സദസിന്റെ നിറഞ്ഞ കയ്യടി ജലത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയെന്നതിന്റെ തെളിവായിരുന്നു.