വിനോദ സഞ്ചാര മേഖലയിലെ പുതുമാതൃകയായി ടൂറിസം വളന്റിയര്‍മാര്‍. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നും, സ്വയം സന്നദ്ധരായി തെരഞ്ഞെടുക്കപ്പെട്ട 500 ഓളം ടൂറിസം വളന്റിയര്‍മാരാണ് ഇത്തവണത്തെ ഓണം വാരാഘോഷങ്ങളിലെ സജീവ സാന്നിധ്യം. വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിനായി രൂപീകരിക്കപ്പെട്ട ടൂറിസം ക്ലബ്ബിന്റെ ഭാഗമായാണ് വളന്റിയര്‍മാരുടെ പ്രവര്‍ത്തനം. തിരുവനന്തപുരം ജില്ലയില്‍ മാത്രം മുപ്പതിലധികം കോളേജുകളില്‍ നിന്നായി 250 വളന്റിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് വിളന്റിയര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കും. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഗസ്റ്റ് മാനേജ്‌മെന്റ്, ക്രൗഡ് മാനേജ്‌മെന്റ്, വിവിഐപി മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി ഇവരെ ഓരോ ബാച്ചുകളായി തിരിച്ച് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചുമതലകള്‍ നല്‍കും. ഈ പരിശീലനത്തിന്റെ മുന്നോടിയായാണ് ഓണം വാരാഘോഷത്തിനായി വളന്റിയര്‍മാരെ നിയോഗിച്ചത്. കനകക്കുന്നില്‍ മാത്രം 250 വളന്റിയര്‍മാരാണ് സേവന സന്നദ്ധരായുള്ളത്. വാരാഘോഷത്തിന് സമാപനം കുറിച്ച് നടക്കുന്ന ഘോഷയാത്ര നിയന്ത്രിക്കാന്‍ 500 വളന്റിയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. രണ്ട് വര്‍ഷമാണ് ഒരു വളന്റിയറുടെ കാലാവധി. പരിശീലനം നേടി സേവനം ചെയ്യുന്ന വളന്റിയര്‍മാര്‍ക്ക് വിനോദസഞ്ചാര വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും.