നെയ്യാര്‍ ഡാമിലെ ഓണം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം. കേരള സര്‍ക്കാരിന്റെ ഓണം വരാഘോഷത്തോടനുബന്ധിച്ചു നെയ്യാര്‍ഡാമില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര കള്ളിക്കാട് ജംഗ്ഷനില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കള്ളിക്കാട് മുതല്‍ നെയ്യാര്‍ഡാം വരെയാണ് വര്‍ണശബളമായ സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്.

കേരളത്തിന്റെ വൈവിധ്യമാര്‍ന്ന കലാ – സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന തെയ്യം, ശിങ്കാരിമേളം, കോഴിഡാന്‍സ്, ബൊമ്മ ഡാന്‍സ്, വിളക്കാട്ടം, കഥകളി, കരകാട്ടം, ജെണ്ട് കാവടി മേളം, മുറംഡാന്‍സ്, ഉലക്കഡാന്‍സ്, പൂക്കാവടി തുടങ്ങിയവയും നിശ്ചല ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍, വാദ്യഘോഷങ്ങള്‍ എന്നിവയും ഘോഷയാത്രയില്‍ അണിനിരന്നു. ചിട്ടയായ പങ്കാളിത്തം ഘോഷയാത്ര കൂടുതല്‍ ആകര്‍ഷണീയമാക്കി. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് ഇത്തവണ ഘോഷയാത്ര നടത്തിയത്.

ബുധനാഴ്ച മുതല്‍ തുടങ്ങിയ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനും നെയ്യാര്‍ ഡാം സന്ദര്‍ശിക്കാനുമായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. ജലസേചന , വനം, ഫിഷറീസ് വകുപ്പുകളും കള്ളിക്കാട് ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിച്ചത്. നെയ്യാര്‍ഡാമിലെ പ്രധാന വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിരുന്നു . ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ കലാ- സാഹിത്യ മത്സരങ്ങള്‍, ഫ്‌ളോട്ടുകള്‍ തുടങ്ങിയവ മേളയുടെ മുഖ്യ ആകര്‍ഷകമായി മാറി. ജലസേചന വകുപ്പാണ് അണക്കെട്ടും പൂന്തോട്ടവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദീപാലങ്കാരം നടത്തിയത്. ബോട്ടിങ്, ട്രക്കിങ് എന്നിവയ്ക്ക് വനം വകുപ്പ് സൗകര്യമൊരുക്കിയിരുന്നു.