സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിന്റെ മണ്ണിൽ ‘യൂ ടേൺ ”കാവൽ ‘ നാടകങ്ങൾ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ടൗൺഹാളിൽ ആണ് പുത്തൻ ആശയങ്ങളാൽ നാടകങ്ങൾ അരങ്ങുവാണത്.

നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തിൽ നിലനിൽക്കേണ്ട ആവശ്യകതയും തന്റെ മണ്ണിനും കലയ്ക്കും വേണ്ടി ചെറുത്തുനിൽക്കുന്ന നാടകകലാകാരന്റെ ജീവിതവുമാണ് അവതരിപ്പിച്ച യൂ ടേൺ നാടകത്തിന്റെ പ്രമേയം.

മണ്ണിനുവേണ്ടി ശബ്‌ദിച്ച മറ്റു നാടകങ്ങളിലെ കഥാപാത്രങ്ങൾ നാടകത്തിലുടനീളം വന്നുപോകുമ്പോൾ അവർക്ക് നടുവിൽ നിസ്സഹായനായിരിക്കുന്ന രവിശങ്കർ എന്ന കഥാപാത്രത്തിന്റെ നാടകകലയോടുള്ള അഭിനിവേശവും നഷ്ടത്തെയോർത്തുള്ള നൊമ്പരവും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു.

നാടകത്തിനായി സ്വജീവിതം സമർപ്പിച്ച രവിശങ്കർ എന്ന കഥാപാത്രതത്തെ കേന്ദ്രബിന്ദുവാക്കിയാണ് നാടകം മുന്നോട്ടു പോകുന്നത്.

പ്രദീപ്‌ കുമാർ കാവുന്തറ യുടെ രചനയിൽ എ രത്നാകരൻ സംവിധാനം നിർവഹിച്ച നാടകത്തിൽ അരങ്ങിലും പിന്നണി യിലുമായി പതിനെട്ടോളം കലകാരന്മാരാണ് പ്രവർത്തിച്ചത്. കോഴിക്കോട് പതിനഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന നാടകകലാകാരന്മാരുടെ സ്വാശ്രയകൂട്ടായ്മ ‘ശ്രദ്ധ’യാണ് യു ടേൺ അരങ്ങിലെത്തിച്ചത്.

രണ്ടാമതായി അരങ്ങേറിയ മഷി കമ്മ്യൂണിക്കേഷന്റെ അമേച്വർ നാടകമായ ‘കാവൽ ‘
ചുവപ്പ് നാടകളിൽ കുടുങ്ങി അധികാരകേന്ദ്രങ്ങളിൽ നീതി നിഷേധം നേരിടേണ്ടി വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ ശക്തവും വ്യത്യസ്ഥമായ രീതിയിൽ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

ഒരു നാടക റിഹേഴ്‌സൽ ക്യാമ്പ് പശ്ചാത്തലമാക്കി അവിടെ നടക്കുന്ന ചർച്ചകളിലൂടെ സാമൂഹിക വിഷയങ്ങൾ എല്ലാം നാടകത്തിൽ വന്നു പോകുമ്പോൾ രാജഭരണകാലം മുതൽ സാധാരണക്കാരൻ എന്നും നീതി നിഷേധിക്കപ്പെട്ടവനായി തുടരുന്നു എന്നു നാടകം ഉദ്‌ഘോഷിക്കുന്നു.
പ്രമോദ് ദശരഥിന്റെ രചനയിൽ കെ കെ സന്തോഷ് സംവിധാനം നിർവഹിച്ച നാടകത്തിൽ പന്ത്രണ്ടോളം കലാകാരന്മാ രാണ് അരങ്ങിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.