കോഴിക്കോട് ബീച്ചിലെ നിറഞ്ഞ സദസ്സിനെ ചിരിയിൽ ആറാടിച്ച് ഹാസ്യരാജാക്കന്മാരായ മറിമായം ടീം. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെ വേദിയിലാണ് മറിമായം ടീം ചിരി നിമിഷങ്ങൾ തീർത്തത്.

നിത്യജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും മുഹൂർത്തങ്ങൾ ഹാസ്യാത്മക സ്കിറ്റുകളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറകയ്യടികൾ ടീം നേടി. സദസ്സിനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വഴിയൊരുക്കിയ സ്കിറ്റുകൾ പരിപാടിയെ മികവുറ്റതാക്കി.

‘കോയ’, ‘കുമാരേട്ടൻ’ എന്നീ കഥാപാത്രങ്ങളായി നിയാസ് ബക്കർ വേദിയിലെത്തിയപ്പോൾ പ്രേക്ഷകർ കൂട്ടച്ചിരിയോടെ സ്വീകരിച്ചു.

ഹാസ്യത്തിന്റെ വേഷപകർച്ചയുമായി മണികണ്ഠൻ പട്ടാമ്പി, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ, സലിം ഹസൻ, മണി ഷൊർണ്ണൂർ എന്നീ കലാകാരന്മാർ ചിരിപ്പൂരത്തിന് തിരികൊളുത്തി. ജയകുമാർ എന്ന കലാകാരൻ അനുകരണകലയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു.