ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന 75 ദിവസത്തെ മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രജിത രവി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍ മുഖ്യപ്രഭാഷണവും, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി. ബാലകൃഷ്ണന്‍ വിഷയാവതരണവും നടത്തി. മാനന്തവാടി എംപ്ലോയ്മെന്റ് ഓഫീസര്‍ ഇ. മനോജ്, എംപ്ലോയ്മെന്റ് ഓഫീസര്‍ എന്‍. അജിത്ത് ജോണ്‍, സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ആലിക്കോയ, ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എ.കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 40 എസ്.സി, എസ്.ടി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.