ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വരാജ് റൗണ്ടിൽ പുലികൾ താളത്തിൽ ചുവടുവെച്ചിറങ്ങി. അരമണികിലുക്കി, കുടവയർ കുലുക്കി, താളത്തിനൊപ്പം ചുവടുവെച്ച് പുലിക്കൂട്ടം മുന്നേറിയതോടെ അഞ്ചുനാൾ നീണ്ട ഓണാഘോഷത്തിന് പരിസമാപ്തി.

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തൃശൂർ കോർപറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ സമാപനദിനം ഏറെക്കാലത്തെ സ്വപ്നസാക്ഷാൽക്കാരം കൂടിയായി. പ്രളയവും കോവിഡും കവർന്ന ഓണക്കാലത്തെ തിരിച്ചുപിടിക്കലായി ഇക്കുറി. കനത്ത മഴയും എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടർന്നുള്ള ദുഃഖാചരണവും പുലിക്കളി നടത്തുന്നതിന് തടസ്സമാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. മഴ മാറിനിന്ന മധ്യാഹ്നത്തിൽ, രണ്ടുവർഷത്തിലേറെയായി മുടങ്ങിയ പുലിക്കളി കാണാൻ ആളുകൾ സ്വരാജ് റൗണ്ടിൽ തിങ്ങി നിറഞ്ഞു. വിദേശികളുൾപ്പെടെ കാണികളായി.

വൈകിട്ട് അഞ്ചോടെ വിയ്യൂർ ദേശത്തിന്റെ പുലികളാണ് ആദ്യമിറങ്ങിയത്. പിറകെ കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ ദേശങ്ങളും റൗണ്ടിൽ പ്രവേശിച്ചു. അഞ്ചുസംഘങ്ങളിലായി 250ഓളം കലാകാരന്മാരാണ് തൃശ്ശൂര്‍ റൗണ്ട് കീഴടക്കിയത്.

ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 50,000 രൂപ, 40,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. വിജയികൾക്ക് ഏഴടി ഉയരമുള്ള ട്രോഫിയും നൽകും. മികച്ച പുലിക്കൊട്ടിനും പുലിവേഷത്തിനും സമ്മാനങ്ങളുണ്ട്. ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ സമ്മാനദാനം ഉള്‍പ്പടെയുള്ള ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി. മുന്‍ മേയര്‍ അജിതാ വിജയനാണ് പുലിക്കളി ഫ്ളാഗ് ഓഫ് ചെയ്തത്. തേക്കിൻകാട് മൈതാനിയിൽ കൊച്ചിൻ കലാസദൻ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.