റോഡ് പരിപാലന പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കോട്ടയം: ഏഴുവർഷത്തേക്ക് റോഡുകൾ മികച്ച നിലയിൽ തുടരുക എന്നതാണ് ഒ.പി.ബി.ആർ. കരാർ കൊണ്ടു ലക്ഷ്യമിടുന്നതെന്നു പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എം.സി റോഡിലെ കോട്ടയം- അങ്കമാലി വരെയുള്ള ഭാഗത്തിന്റേയും മാവേലിക്കര-ചെങ്ങന്നൂർ റോഡ്, ചെങ്ങന്നൂർ-കോഴഞ്ചേരി റോഡ് എന്നിവയുടേയും ഏഴുവർഷത്തേക്കുള്ള പരിപാലനം ഉറപ്പാക്കുന്ന ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബെയ്സ്ഡ് റോഡ് കോൺട്രാക്ട്(ഒ.പി.ബി.ആർ.സി)പദ്ധതിയുടെ ഒന്നാംഘട്ട പാക്കേജിന്റെ ഉദ്ഘാടനം ഏറ്റുമാനൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുഴി അടയ്ക്കൽ, ഓട വൃത്തിയാക്കൽ, അരിക് വൃത്തിയാക്കൽ, ബി.സി. ഓവർലെയിങ്, അത്യാവശ്യഘട്ടങ്ങളിൽ കലുങ്ക് നിർമിക്കൽ തുടങ്ങിയവ കരാറിന്റെ ഭാഗമാണെന്നും ഏഴുവർഷവും റോഡിന്റെ നിലവാരം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനവുമാണ് സംസ്ഥാനത്തെ റോഡുകൾ തകരാറിലാകുന്നതിന്റെ പ്രധാനകാരണങ്ങളെങ്കിലും കൈയും കെട്ടി നോക്കിനിൽക്കുന്ന സമീപനമല്ല സർക്കാരിന്റേത്. ഒ.പി.ബി.ആർ.സി. റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറും. കരാർ അഞ്ചുപാക്കേജുകളിലായി ഉൾപ്പെടുത്തി പൊതുമരാമത്തു വകുപ്പിന്റെ റോഡുകളിൽ ശാസ്ത്രീയമായി അറ്റകുറ്റപണി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡിന്റെ പരിപാലന ചുമതല ഏഴുവർഷത്തേയ്ക്കു പൂർണമായും കരാറുകാരന് കൈമാറും. ആദ്യത്തെ ഒൻപതു മാസം കൊണ്ട് ആദ്യഘട്ട പണികൾ പൂർത്തീകരിക്കണം. 73.83 കോടി രൂപയ്ക്കാണ് 107.753 കിലോമീറ്റർ റോഡിന്റെ കരാർ. പദ്ധതിയുടെ മേൽ നോട്ടം പൊതുമരാമത്ത് വകുപ്പ് നിരത്തുപരിപാലന വിഭാഗം നിർവഹിക്കും. രാജി മാത്യു പാംമ്പ്‌ളാനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
നാലുദിവസത്തെ ജോലി കൂടി ബാക്കിയുണ്ടെന്നും മഴ മാറിയാലുടൻ അതു പൂർത്തിയാക്കി ഏറ്റുമാനൂർ ബൈപ്പാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ റിങ് റോഡിന്റെ അലൈൻമെന്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ നടപടികളിലേക്കു നീങ്ങുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഫ്ളൈ ഓവറുകളുടെ നിർമാണമുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രായോഗികമായ സമീപനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തോമസ് ചാഴികാടൻ എം.പി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിയറ, കെ.എസ്.ടി.പി. ചീഫ് എൻജിനീയർ കെ.എഫ്. ലിസി, പൊതുമരാമത്ത് വകുപ്പു നിരത്തുപരിപാലന വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, രാഷ്്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, ജെയിംസ് കുര്യൻ, സാജൻ അലക്കളം, പോൾസൺ പീറ്റർ, പി.ഒ. വർക്കി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.