മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വികസനത്തിനായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. ഇതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ലഭ്യമാകുന്ന ഫണ്ട് ഗ്രാമീണ മേഖലയിലെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള പദ്ധതികളുമായി സംയോജിപ്പിക്കണം.
ഗ്രാമ പഞ്ചായത്തുകള്‍ ഇത്തരത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കണം. ജലസംരക്ഷണ പ്രവൃത്തികള്‍, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കളി സ്ഥലങ്ങളുടെ നിര്‍മ്മാണം, വിദ്യാലയങ്ങളുടെ കഞ്ഞിപ്പുര, ചുറ്റുമതില്‍, തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, ഓംബുഡ്‌സമാന്‍ ഒ.പി അബ്രഹാം, ജെ.പി.സി പ്രീതി മേനോന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും പ്രൊജക്റ്റ് ഡയറക്ടറുമായ പി.സി മജീദ്, എ.പി.ഒ മീരാഭായ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാര്‍, ക്വാളിറ്റി മോണിറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജീവനക്കാരുടെ കലാപരിപാടികളും നടന്നു.