ഇടുക്കി ജില്ലയില്‍ വനിത കമ്മീഷന്‍ സ്ഥിരമായി സിറ്റിംഗ് നടത്തുന്നതുകൊണ്ട് പരാതികള്‍ വളരെ വേഗം പരിഹരിക്കാനും കേസുകള്‍ കെട്ടി കിടക്കുന്നത് ഒഴിവാക്കാനും കഴിയുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. കുമളിയില്‍ നടത്തിയ വനിത കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അവര്‍.വ്യാപാരഭവനില്‍ നടത്തിയ അദാലത്തില്‍ 34 കേസുകള്‍ പരിഗണിച്ചു. ഇതില്‍ ആറ് കേസുകള്‍ തീര്‍പ്പാക്കി. 28 കേസുകള്‍ അടുത്ത ഹിയറിങ്ങിനായി മാറ്റി. പരിഗണിച്ചവയില്‍ കൂടുതലും സ്വത്ത് സംബന്ധമായ കേസുകളെ തുടര്‍ന്ന് കുടുംബങ്ങളിലുണ്ടായ സംഘര്‍ഷങ്ങളും തൊഴിലിടങ്ങളിലെ തര്‍ക്കങ്ങളുമാണ്. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ള കേസുകള്‍ മാത്രമാണ് കമ്മീഷന്‍ പരിഗണിച്ചത്.

ഇടുക്കിയിലെ ഭൂമിശാസ്ത്രപരമായ പരിമിതികള്‍ പരിഗണിച്ച് പരാതികാര്‍ക്ക് എത്തിച്ചേരാനുള്ള സാഹചര്യമൊരുക്കി ജില്ലയെ നാല് മേഖലകളാക്കി തിരിച്ചാണ് സിറ്റിംഗ് നടത്തുന്നത്. പരാതിക്കാരുടെ സൗകര്യത്തിനാണ് കമ്മീഷന്‍ പ്രാധാന്യം നല്‍കുന്നതെന്നും വനിത കമ്മീഷന്‍ അംഗം പറഞ്ഞു. കമ്മീഷന്‍ സി. ഐ. ജോസ് കുര്യന്‍, അഡ്വ. കവിത വി. തങ്കപ്പന്‍, വനിത പോലീസ് സ്റ്റേഷന്‍ ഇടുക്കി എസ്. ഐ. ജീനാമ്മ എം. എം. എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.