നാദാപുരത്ത് വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചാല്‍ പഞ്ചായത്ത് മുഖേന ലൈസന്‍സ് വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് ലൈസന്‍സ് വീടുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.

വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ ഉടമകള്‍ വെറ്ററിനറി ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്ത ശേഷം പഞ്ചായത്തില്‍ അറിയിച്ചാല്‍ അപേക്ഷ സമര്‍പ്പണവും 10 രൂപ ലൈസന്‍ഫീസ് അടക്കലും ഓണ്‍ലൈനിലൂടെ നടത്തി ലൈസന്‍സ് വീടുകളില്‍ എത്തിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 9846558202 എന്ന നമ്പറില്‍ ബന്ധപ്പെടാം. പഞ്ചായത്തില്‍ ഇതുവരെ 27 വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ എ ദിലീപ് കുമാറിന്റെ വീട്ടില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു എന്നിവര്‍ സന്നിഹിതരായി.