ദേശീയപാത 766 ല്‍ ഇല്ലിക്കാട് പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗത ക്രമീകരണം
ഏര്‍പ്പെടുത്തുന്നു. ഇല്ലിക്കാട് പാലം അപകടാവസ്ഥയിലായതിനാല്‍ അടിയന്തരമായി പാലം ജാക്കി വെച്ച് ഉയര്‍ത്തും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് റോഡ് പ്രവൃത്തി നടക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി ദീര്‍ഘദൂര യാത്രാബസുകള്‍, ട്രക്ക് ഉള്‍പ്പെടെയുള്ള ഹെവി വെഹിക്കിള്‍സ് എന്നിവ കുറ്റ്യാടി ചുരം വഴി തിരിച്ചു വിടാന്‍ ലിന്റോ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

നിയന്ത്രണത്തിന്റെ ഭാഗമായി ചെറുവാഹനങ്ങള്‍ക്ക് അടിവാരം ഭാഗത്തു നിന്നും പോത്തുണ്ടി പാലം വഴി നൂറാംതോട് നോളേജ് സിറ്റി റോഡിലൂടെ കൈതപ്പൊയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. വാഹനങ്ങള്‍ വെസ്റ്റ് കൈതപ്പൊയില്‍, വള്ള്യാട് വഴി അടിവാരത്തേയ്ക്ക് തിരിച്ചു വിടേണ്ടി വരുമെന്നും ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.

ചിപ്പിലിത്തോട് – തുഷാരഗിരി – കോടഞ്ചേരി വഴി താമരശ്ശേരി – കോഴിക്കോട് ഭാഗങ്ങളിലേക്ക് വലിയ കണ്ടെയ്നര്‍ വാഹനങ്ങള്‍, തടി ലോറികള്‍, വലിയ ചരക്കു വാഹനങ്ങള്‍ എന്നിവയൊഴിച്ച് മറ്റ് എല്ലാ വാഹനങ്ങള്‍ക്കും യാത്ര ചെയ്യാമെന്ന് താമരശ്ശേരി എസ്.എച്ച്.ഒ അറിയിച്ചു. താമരശ്ശേരി ഭാഗത്തു നിന്നും കൈതപ്പൊയില്‍ – കക്കാട് – വള്ള്യാട്ട് റൂട്ടില്‍ പാല്‍ സൊസൈറ്റി വഴി അടിവാരം ഭാഗത്തേയ്ക്ക് ചെറു വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് തീരുമാനിച്ചു.

യോഗത്തില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചന്‍, വാര്‍ഡ് മെംബര്‍ ഷിജു ഐസക്, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ആര്‍.സുമേഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റെനി പി. മാത്യു, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫാത്തിമ ബീവി.എ.എം താമരശ്ശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പുരുഷോത്തമന്‍, സി.പി മുഹമ്മദ് ഹനീഫ എന്നിവര്‍ പങ്കെടുത്തു.