തലശ്ശേരി മലബാർ കാൻസർ സെന്ററിനെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ കൂടെ നിന്ന് പ്രവർത്തിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. തലശ്ശേരി മലബാർ കാൻസർ സെന്റർ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംസിസിയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക തലശ്ശേരിയുടെ ആവശ്യമാണ്. ക്രിക്കറ്റ് കേക്ക് സർക്കസ് എന്നീ മൂന്ന് ‘സി’കളുടെ നാടായ തലശ്ശേരി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത് കാൻസർ ചികിത്സാരംഗത്തെ ലോകോത്തര സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന രീതിയിൽ കൂടി ആയിരിക്കുമെന്നും എന്നും തന്റെ മുൻഗണനാ ലിസ്റ്റിലുള്ള സ്ഥാപനമാണ് എംസിസി എന്നും അദ്ദേഹം പറഞ്ഞു.
മലബാർ കാൻസർ സെന്റർ പീടിയാട്രിക്ക് ഹാളിൽ നടന്ന ചടങ്ങിൽ എംസിസി സ്ഥാപകദിനാഘോഷം ‘ഇഗ്‌നൈറ്റ് 2022’ ഉദ്ഘാടനവും ലോഗോ പ്രകാശനവും  എംസിസി പീഡിയാട്രിക്ക് വിഭാഗത്തിന് തലശ്ശേരി ലയൺസ് ക്ലബ് സംഭാവന നൽകിയ ലൈബ്രറി ഉദ്ഘാടനവും സ്പീക്കർ നിർവ്വഹിച്ചു. എംസിസി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രമണ്യനുമായി ചെസ് കളിച്ചാണ് സ്പീക്കർ ഉദ്ഘാടനം നിർവഹിച്ചത്. ഡയറക്ടർ സ്പീക്കർക്ക് ഉപഹാരം നൽകി.
തലശ്ശേരി നഗരസഭാധ്യക്ഷ ജമുനാറാണി ടീച്ചർ മുഖ്യാതിഥിയായി. നഗരസഭാ വാർഡ് കൗൺസിലർ വി വസന്ത, എംസിസി ക്ലിനിക്കൽ ഹെമറ്റോളജി ആന്റ് മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ചന്ദ്രൻ കെ നായർ, സർജിക്കൽ ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ആദർശ് ധർമ്മരാജൻ എന്നിവർ സംബന്ധിച്ചു.