സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യപ്രതിരോധ പദ്ധതിയായ ‘നേര്‍വഴി’ യുടെ ഭാഗമായി വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജയില്‍ അന്തേവാസികള്‍ക്കുള്ള വ്യക്തിത്വ വികസനവും നിയമബോധവല്‍ക്കരണവും തുടങ്ങി. മാനന്തവാടി ജില്ലാ ജയില്‍, വൈത്തിരി സ്പെഷ്യല്‍ സബ് ജയില്‍ എന്നിവിടങ്ങളിലെ റിമാന്‍ഡ് തടവുകാര്‍ക്കായി വ്യക്തിത്വ വികസന പരിശീലനവും നിയമ ബോധവല്‍ക്കരണ ക്ലാസ്സുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

വ്യക്തിത്വ വികസന ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ജില്ലാ ജയിലിലും നിയമ ബോധവല്‍ക്കരണത്തിന്റെ ഉദ്ഘാടനം വൈത്തിരി സ്പെഷ്യല്‍ സബ് ജയിലിലും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുല്ല നിര്‍വ്വഹിച്ചു. വില്‍സണ്‍ ജോര്‍ജ്, അഡ്വ. ഗ്ലോറി ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് ഒ.എം. രതൂണ്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ടി.ഡി. ജോര്‍ജ്ജുകുട്ടി, വൈത്തിരി സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് വി.എം. സിയാദ്, ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജെ.ബി രജീഷ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജി സുമേഷ്, പ്രൊബേഷന്‍ അസിസ്റ്റന്റ് പി മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.