വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നര്‍മ്മാണം പൂര്‍ത്തീകരിച്ച എസ്.ടി വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. 145 വീടുകളുടെ നിര്‍മ്മാണം നടക്കുന്നതില്‍ ബ്രഹ്‌മഗിരി സ്വാശ്രയ സംഘം പൂര്‍ത്തീകരിച്ച 5 വീടുകളുടെ തക്കോല്‍ ദാനമാണ് നടത്തിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 50 ലക്ഷം രൂപ പദ്ധതി വിഹിതമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന് അനുവദിച്ചു.

ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ സല്‍മത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് പൈനാടത്ത്, പി.എ അസീസ്, പി. രാധ, മേരി സ്മിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജ്ന ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.