സ്വയം തൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 5 സ്വയം തൊഴില്‍ പദ്ധതികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ ജില്ലയില്‍ നടപ്പിലാക്കുന്നത്. വ്യക്തിഗത സംരംഭമായ കെസ്‌റു, സ്വയം തൊഴില്‍ സംരംഭ കൂട്ടായ്മയായ മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് ജോബ് ക്ലബ്, നവജീവന്‍, ശരണ്യ പദ്ധതി, കൈവല്യ പദ്ധതി എന്നിവയാണ് 5 പദ്ധതികള്‍. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് ജോബ് ക്ലബ്, നവജീവന്‍ എന്നിവ ബാങ്കുകള്‍ മുഖേന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പിലാക്കുന്ന പദ്ധതികളാണ്. വ്യക്തിഗത സംരംഭങ്ങള്‍ക്കായുള്ള വായ്പ പദ്ധതിയാണ് കെസ്‌റു. പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയില്‍ വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡി ഉണ്ടാകും. പദ്ധതിയിലൂടെ നിലവില്‍ 748 സംരംഭങ്ങള്‍ക്കാണ് വായ്പ അനുവദിച്ചത്. രണ്ടോ അതില്‍ കൂടുതല്‍ പേര്‍ക്കോ ഒരുമിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് ജോബ് ക്ലബ്. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 25 ശതമാനം സബ്‌സിഡിയായി ലഭിക്കും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിയാണ് നവജീ വന്‍. 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 52 സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികളാണ് ശരണ്യ പദ്ധതി, കൈവല്യ പദ്ധതി എന്നിവ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടിക വര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍ തുടങ്ങിയ അശരണരായ വനിതകള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ശരണ്യ പദ്ധതി. 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കുന്ന പദ്ധതിയില്‍ വായ്പ തുകയുടെ 50 ശതമാനം സബ്‌സിഡി അനുവദിക്കും. നിലവില്‍ 1599 പേര്‍ക്കാണ് പദ്ധതിയിലൂടെ വായ്പ അനുവദിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള സ്വയം തൊഴില്‍ പദ്ധതിയാണ് കൈവല്യ. 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയിലൂടെ ഇതുവരെ 323 സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും സൗജന്യ അപേക്ഷയും മാര്‍ഗ നിര്‍ദ്ദേശങ്ങളും അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമാണ്.