കാർഷിക മേഖലയിൽ ആധുനിക യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കൃഷി രീതി ജില്ലയിലെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുമരകം കൊല്ലംകരി പാടശേഖരത്തു നടന്ന കാർഷിക ഡ്രോണുകളുടെ പ്രദർശന, പ്രവർത്തി പരിചയ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതി വഴിയാണ് കാർഷിക മേഖലയിൽ വിവിധ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്. കൃഷിയിടങ്ങളിൽ സൂക്ഷ്മ മൂലകങ്ങൾ, ജൈവ കീടനാശിനി തുടങ്ങിയവ തളിക്കുന്നതിനും നെൽച്ചെടികളുടെ രോഗബാധ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഇത്തരത്തിൽ രോഗ ബാധയുള്ള നെൽചെടികൾക്ക് ഫലപ്രദമായി കീടനാശിനികൾ തളിക്കുന്നതിനും ഡ്രോണുകൾ കർഷകർക്ക് സഹായകമാകും. കീടശാനികളുടെ അമിത ഉപയോഗം ഒഴിവാക്കാനും തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കാനും ഇതുമൂലം സാധിക്കും. കൃത്യമായി ഒരേ അളവിൽ എല്ലായിടത്തും തളിക്കാനാകുന്നതിനാൽ കീടനാശിനികളുടെ പാഴ് ചെലവ് കുറയ്ക്കാനും കർഷകർ നേരിട്ട് കീടനാശിനികൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുമാകും. സ്മാമം പദ്ധതി വഴി കർഷകർക്കും, ഗ്രൂപ്പുകൾക്കും ഡ്രോണുകൾ സബ്‌സിഡി ഇനത്തിൽ വാങ്ങാൻ സാധിക്കും.
കുമരകം ഗ്രാമപഞ്ചായത്ത് അംഗം വി.എസ് അനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ രാജ്‌മോഹൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത ലാലു, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ്, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ജി ജയലക്ഷ്മി, ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ഷീബ റെബേക്ക ഐസക്ക്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രീത പോൾ, കുമരകം കൃഷി ഓഫിസർ ബി സുനാൽ, കോട്ടയം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി സുമേഷ് കുമാർ എന്നിവർ പങ്കെടുത്തു.