കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. നടക്കാവ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭാ ലൈബ്രറിയുടെയും നിയമസഭാ മ്യൂസിയം ഡിപാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തിലാണ് പ്രദര്‍ശനം. ഇരുന്നൂറ്റമ്പതോളം പുസ്തകങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

കേരള നിയമസഭാ ചരിത്രം, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, മറ്റു മുന്‍ നിയമസഭാ സമാജികര്‍ തുടങ്ങിയവരുടെ സഭാ ചരിത്രവും പുസ്തകങ്ങളും പ്രദര്‍ശനത്തില്‍ കാണാം. നിയമസഭയുടെ ചരിത്ര രേഖകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതും മാതൃകാപരമായ വിവിധ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചുള്ള രേഖകളും 1888 ലെ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ രേഖയും മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി പ്രൊസീഡിങ്‌സ് തുടങ്ങി മറ്റെങ്ങും ലഭ്യമല്ലാത്ത പല രേഖകളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

 

ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം മുതല്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവരുടെ രാഷ്ട്രീയ ജീവിതവും ചരിത്രവും വരെ ഒരുക്കിയത് പ്രദര്‍ശനത്തിന്റെ കൗതുകമുണര്‍ത്തുന്നു. നിയമസഭാ ലൈബ്രറി ചരിത്രത്തിന്റെ ഭാഗമായി മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ തുടങ്ങി പതിനഞ്ചു നിയമസഭകളിലെയും കാലാനുസൃതമായ ഫോട്ടോയും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരുക്കിയ ചരിത്രപ്രദര്‍ശനം ഇന്ന് അവസാനിക്കും.