ചാരുകസേരയും മാംഗോസ്റ്റിന്‍ മരവും റെക്കോര്‍ഡ് പ്ലയറും തുടങ്ങി വിശ്വവിഖ്യാതനായ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകം സന്ദര്‍ശിക്കുകയായിരുന്നു സ്പീക്കര്‍.

 

ബഷീറിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞിനെയും പാത്തുമ്മയുടെ ആടിനെയും കുറിച്ച് സംസാരിച്ച അദ്ദേഹം തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ പാഠപുസ്തകത്തില്‍ പഠിച്ച ‘ഭൂമിയുടെ അവകാശികള്‍’ എന്ന കൃതിയെ കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെച്ചു. മലയാളികള്‍ ജീവിച്ചിരിക്കുന്നിടത്തോളം മറന്നുപോകാത്ത ഒരുപാട് കഥാപാത്രങ്ങള്‍ സൃഷ്ടിച്ച വിശ്വവിഖ്യാതനായ സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സ്പീക്കര്‍ പറഞ്ഞു.

 

ബാല്യകാലസഖി, ശബ്ദങ്ങള്‍, പ്രേമലേഖനം, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, മതിലുകള്‍ എന്നിങ്ങനെ അനേകം സാഹിത്യ കൃതികള്‍ക്ക് ജന്മം നല്‍കിയ കലാകാരന്റെ കണ്ണടയും പുരസ്‌കാരങ്ങളും തുടങ്ങി നിരവധി ഓര്‍മ്മകള്‍ ഉറങ്ങുന്ന വീടിനകത്തുള്ള സൂക്ഷിപ്പുകളോരോന്നും സ്പീക്കര്‍ നോക്കി കണ്ടു.

 

ബഷീറിന്റെ മക്കളായ ഷാഹിന ഹബീബ്, അനീസ് ബഷീര്‍ എന്നിവരോടും മറ്റു കുടുംബാംഗങ്ങളോടും സംസാരിച്ച സ്പീക്കര്‍ ആദരവ് കൈമാറി. കുടുംബം ബഷീറിന്റെ പുസ്തകം സ്പീക്കര്‍ക്ക് നല്‍കി.

 

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഗവ.ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്, ലൈബ്രറി ഉപദേശക സമിതി ചെയര്‍മാന്‍ തോമസ് കെ. തോമസ് എം.എല്‍.എ, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, നിയമസഭാ സെക്രട്ടറി എ.എം ബഷീര്‍, സ്‌പെഷ്യല്‍ സെക്രട്ടറി കവിത ഉണ്ണിത്താന്‍, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എ.എസ് ലൈല, മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ സ്പീക്കറുടെ ഒപ്പമുണ്ടായിരുന്നു.