കേരള നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘വായനയും സ്ത്രീ മുന്നേറ്റവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ കെ.പി സുധീര വിഷയാവതരണം നടത്തി. വായനയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടാന്‍ വൈകിയെങ്കിലും പിന്നീട് എത്തിപ്പെട്ടവര്‍ക്ക് ലോകം കീഴടക്കാന്‍ സാധിച്ചെന്ന് അവര്‍ പറഞ്ഞു. വായനയിലൂടെ അറിവ് സമ്പാദിച്ചുള്ള സ്ത്രീകളുടെ ഉയര്‍ച്ച ഒരു നിശബ്ദ വിപ്ലവമാണ്. വിദ്യാഭ്യാസത്തിലൂടെ നിരവധി സ്ത്രീകളെ തൊഴില്‍പരവും വ്യക്തിപരവുമായ വിജയത്തിലേക്ക് നയിക്കാന്‍ വായനക്ക് സാധിച്ചിട്ടുണ്ട്. വായനയിലൂടെ അറിവ് മാത്രമല്ല ഉണ്ടാകുന്നത്. തലച്ചോറിന്റെ ആശയ വിനിമയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വായനയിലൂടെയും അറിവിലൂടെയും സ്ത്രീകള്‍ക്ക് സമൂഹം അടിച്ചേല്‍പ്പിച്ച ചങ്ങല പൊട്ടിച്ചെറിഞ്ഞ് പ്രതികരിക്കാന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു.

സെമിനാറില്‍ കേരള സാഹിത്യ അക്കാദമി അംഗം ഡോ. മിനി പ്രസാദ് മോഡറേറ്ററായി. എഴുത്തുകാരായ ജാനമ്മ കുഞ്ഞുണ്ണി, കെ.പി മോഹനന്‍, ബി എം സുഹറ, രാഹുല്‍ മണപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറി കവിത ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു. നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എ.എസ് ലൈല നന്ദി അര്‍പ്പിച്ച് സംസാരിച്ചു.