രാജ്യത്തെ മികച്ച നിയമസഭയും നിയമസഭാ ലൈബ്രറിയും കേരളത്തിന്റേതാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരള നിയമസഭാ ലൈബ്രറി നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖലാ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശേഖരണത്തിന്റെയും ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിന്റെയും കാര്യത്തില്‍ കേരള നിയമസഭ മുന്നിട്ട് നില്‍ക്കുന്നു. വായനയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൂട്ടിക്കൊണ്ട് പോവാനുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഇതിനായി പഞ്ചായത്ത്-വാര്‍ഡ് അടിസ്ഥാനത്തില്‍ വായനശാലകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തില്‍ നവോത്ഥാനമൂല്യം ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ വായനശാലകള്‍ വലിയപങ്ക് വഹിച്ചു. സാതന്ത്ര്യാനന്തരകാലത്ത് സാമാന്യജനവിഭാഗങ്ങളുടെ ഭൗതികവളര്‍ച്ചക്കും ജീവിത ഉന്നതിക്കും മഹത്തായ സംഭാവനകള്‍ നല്‍കിയത് ഗ്രന്ഥശാല പ്രസ്ഥാനങ്ങളാണ്. നിയമസഭാ സമ്മേളനത്തിന്റെ കാര്യത്തിലും ലൈബ്രറിയുടെ കാര്യത്തിലും കേരളമോഡല്‍ ലോകത്തിന് തന്നെ മാതൃകയാണ്. കേരളത്തിന്റെ സാംസ്‌കാരിക മേഖലക്ക് വലിയ രീതിയില്‍ ഔന്നിത്യം നല്‍കുന്ന കാര്യത്തിലും ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ പങ്ക് വഹിച്ചു. വിദ്യാലയങ്ങളില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം ആകര്‍ഷകമായ ലൈബ്രറികളും ഉണ്ടാവണം. സിലബസ്സിനപ്പുറം വായനയെ പ്രോത്സാഹിപ്പിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

 

വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങിന് ആശംസ നേര്‍ന്നു. അറിവ് നേടാനുള്ള അന്വേഷണത്തിലൂടെയാണ് വായനയുടെ ലോകത്തില്‍ മുഴുകേണ്ടതെന്നും അന്വേഷണത്തില്‍ നിന്നാണ് പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞു. കേരളനിയമസഭ ലൈബ്രറിയോട് കിടപിടിക്കുന്ന ലൈബ്രറികള്‍ രാജ്യത്ത് വിരളമാണെന്നും അദ്ദേഹം പറഞ്ഞു.

 

നിയമസഭാ സാമാജികര്‍ക്കു അവരുടെ പ്രസംഗങ്ങള്‍ തയ്യാറാക്കാനുള്ള റഫറന്‍സ് ലൈബ്രറി എന്നതില്‍ ഉപരിയായി വിജ്ഞാന ശേഖരണത്തിനുള്ള ഒരു മഹാഖനിയായി നിയമസഭാ ലൈബ്രറി മാറിയിട്ടുണ്ടെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലൈബ്രറി പരിപൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ നാടിന്റെ വിജ്ഞാന സമ്പത്തില്‍ ഒരു പ്രധാനപ്പെട്ട അക്ഷയ ഖനിയായി നിയമസഭാ ലൈബ്രറിയെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. ചരിത്രവും രാഷ്ട്രീയവും ഇഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികം ഓര്‍മപ്പെടുത്തുന്ന ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസിന്റെ ആശംസയും സദസിനെ അറിയിച്ചു.

 

കോഴിക്കോട് നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ മുനീര്‍, കെ.എം സച്ചിന്‍ദേവ്, നിയമസഭാ ലൈബ്രറി ചീഫ് ലൈബ്രേറിയന്‍ എ.എസ് ലൈല, ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം കെ.ചന്ദ്രന്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലൈബ്രറി ഉപദേശകസമിതി ചെയര്‍മാന്‍ തോമസ് കെ തോമസ് എം.എല്‍.എ സ്വാഗതവും നിയമസഭ സെക്രട്ടറി എ.എം ബഷീര്‍ നന്ദിയും പറഞ്ഞു.