കണ്ണൂര്‍ ജില്ലയിലെ മാലിന്യ ശേഖരണ സംസ്‌കരണ സംവിധാന മാനേജ്‌മെന്റ് പൂർണമായും ശാസ്ത്രീയ രീതിയിലേക്ക് മാറുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ് ഉപയോഗിച്ചുളള മാലിന്യ സംസ്‌കരണ മാനേജ്‌മെന്റ് സംവിധാനത്തിന് സെപ്റ്റംബർ 20ന് ജില്ലയിൽ തുടക്കമാകും. എരഞ്ഞോളിയിലെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാവിലെ 11 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഡിജിറ്റൽ മാനേജ്‌മെന്റ് സംവിധാനത്തിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കും. സർവ്വെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദരിക്കും.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ഖര മാലിന്യ ശേഖരണ മാനേജ്‌മെന്റ് സംവിധാനം ഡിജിറ്റൽ രീതിയിലാക്കാനാവശ്യമായ സർവെ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് എരഞ്ഞോളി. 7259 വീടുകളിലും 891 സ്ഥാപനങ്ങളിലുമാണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്തിൽ സർവ്വെ ചെയ്തത്. 28 പേരടങ്ങിയ ടീമാണ് സർവെയും ക്യു ആർ കോഡ് പതിക്കലും നടത്തിയത്. ഖരമാലിന്യ ശേഖരണ-സംസ്‌കരണ സംവിധാനം ഡിജിറ്റൽ ചെയ്യുന്നതോടെ ശേഖരണ സംവിധാനത്തിന്റെ വേഗത വർധിപ്പിക്കാൻ സാധിക്കും. അതോടൊപ്പം ഹരിത കർമ്മ സേന വീടുകളിൽ മാലിന്യ ശേഖരണത്തിനായ് എത്തുന്ന തീയ്യതി മുൻകൂട്ടി അറിയിക്കാനും ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് കൃത്യമായി അറിയാനും സാധിക്കും. കെൽട്രോൺ തയ്യാറാക്കിയ ആപ് ഉപയോഗിച്ചാണ് മാനേജ്‌മെന്റ്‌സംവിധാനം രൂപപ്പെടുത്തിയത്.