ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിദരിദ്ര നിര്‍മ്മാര്‍ജന ഉപപദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് ജനപ്രതിനിധികള്‍ക്കും സി. ഡി. എസ്. അംഗങ്ങള്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്കുമായി ഏകദിന പരിശീലന ക്ലാസ് നടത്തി. ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്‍പശാല പ്രസിഡണ്ട് പി. കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരം ത്രിതല പഞ്ചായത്തുതലത്തില്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതിയുടെ അടുത്ത നടപടിയുടെ ഭാഗമായാണ് ഉപപദ്ധതി മൈക്രോപ്ലാന്‍ തയ്യാറാക്കുന്നത്. ചക്കുപളളം പഞ്ചായത്തില്‍ 32 കുടുംബങ്ങളാണ് അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാന്‍ തയാറാക്കും. ഇതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിലയുടെ നേതൃത്വത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ചുറ്റുപാട്, വരുമാനം തുടങ്ങി വിവിധ മേഖലകളില്‍ അന്വേഷണം നടത്തി വിശദമായ മൈക്രോപ്ലാന്‍ ആണ് തയാറാക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് അംഗം ജോസ് പുതുമന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്വേതജിത്ത് പി. എസ്. സ്വാഗതം ആശംസിച്ചു. കില പരിശീലകര്‍ പി. ഡി. രവികുമാര്‍, സിന്ധു ടി. എസ്, മറിയാമ്മ റെജി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.