മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പരിധിയിൽ വരുന്ന കുതിരയള ഗുഹയും കുതിരയള ഗുഹാ കാളിക്ഷേത്രവും പ്രദേശവും സന്ദർശിച്ചു. കുതിരയള ഗുഹയും പരിസരപ്രദേശവും പുരാവസ്തു വകുപ്പ് പര്യവേക്ഷണത്തിന് വിധേയമാക്കണമെന്നും ചരിത്ര പശ്ചാത്തലം പഠനവിധേയമാക്കണമെന്നും നിലവിൽ ഇവിടെ പട്ടിക വർഗ്ഗ സമൂഹം നടത്തി വരുന്ന ആചാര അനുഷ്ഠാന ശീലങ്ങൾക്ക് തടസ്സമില്ലാത്തവിധം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച് പുരാവസ്തു പട്ടികയിൽപ്പെടുത്തിയും ടൂറിസം പ്രമോഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യപ്രകാരമാണ് മന്ത്രി സന്ദർശനത്തിനെത്തിയത്. കുതിരയളഗുഹയുടെ പൗരാണികതയും ചരിത്രപശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ടെന്നും പ്രത്യേക ദിവസങ്ങളിൽ മാത്രമെ ഗുഹാമുഖത്തുള്ള ക്ഷേത്രം തുറക്കുകയുള്ളുവെന്നതിനാൽ ക്ഷേത്രം തുറക്കുന്ന ദിവസം വകുപ്പ് ഉദ്യോഗസ്ഥരെ അയക്കുകയും അത്തരം കാര്യങ്ങളിൽ പരിശോധന നടത്തി ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തി കൊണ്ടുതന്നെ എന്ത് ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ തീരുമാനം കൈകൊള്ളുമെന്നും സന്ദർശനശേഷം മന്ത്രി പറഞ്ഞു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ചെല്ലപ്പൻ, അടിമാലി ഗ്രാമപഞ്ചായത്തംഗം അനസ് ഇബ്രാഹിം, ഊരുമൂപ്പൻ മനോജ് രംഗൻ, എസ് റ്റി പ്രമോട്ടർ മനു, മറ്റുദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം കുതിരയള ഗുഹസന്ദർശനത്തിനെത്തി. സന്ദർശനശേഷം മന്ത്രി കുതിരയളക്കുടിയിലെ ഊരുകൂട്ടത്തിൽ പങ്കെടുത്ത് പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു. എക്സൈസ് വകുപ്പിൻ്റെ വിമുക്തി പദ്ധതിയിൽപ്പെടുത്തി പ്രദേശത്ത് ക്രമീകരിച്ചിട്ടുള്ള മിനി ഹെൽത്ത് ക്ലബ്ബും മന്ത്രി സന്ദർശിച്ചു.
