യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ പോലീസ് പരിശോധന നടത്തി. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പോലീസ് വകുപ്പ് ‘യോദ്ധാവ്’ പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഭാഗമാക്കിയിട്ടുണ്ട്. എല്ലാ സ്‌കൂളിലും പ്രത്യേക ചുമതലയുള്ള അധ്യാപകര്‍ കുട്ടികളില്‍ ലഹരി എത്തുന്നുണ്ടോ എന്ന് വീക്ഷിക്കും. പദ്ധതിയുടെ ഭാഗമായിട്ടാണ് കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ പ്രത്യേക പരിശോധന നടത്തിയത്.

കുമളി ബസ് സ്റ്റാന്‍ഡ്, കൊളുത്തുപാലം, ആനവിലാസം, കൊല്ലംപട്ടട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ അതിര്‍ത്തി വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ഡോഗ് സ്‌ക്വാഡിന്റെ സഹകരണത്തോടെ പരിശോധിക്കും. സ്‌കൂളുകളില്‍ അധ്യാപകരുടെ സഹായത്തോടെ കുട്ടികളുടെ ബാഗ് ഉള്‍പ്പെടെ പരിശോധിക്കുകയും സംശായാസ്പദമായി കാണുന്നവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് പീരൂമേട് ഡി. വൈ. എസ്. പി. കുര്യാകോസ് ജെ. അറിയിച്ചു.

പരിശോധനയ്ക്ക് കുമളി എസ്.എച്ച്.ഒ ജോബിന്‍ ആന്റണി, സബ് ഇന്‍സ്പെക്ടര്‍ നിഖില്‍ കെ. കെ., ബിജു മാത്യു, സലില്‍ രവി, രമേശ് പി., ഹരീഷ്, എ.എസ്.ഐ സുരേഷ്, മെര്‍ലിന്‍, സിബി, സലിം രാജ്, അങ്കു കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിസരങ്ങളില്‍ നടക്കുന്ന മയക്കുമരുന്ന് കച്ചവടങ്ങളോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ആന്റി നാര്‍ക്കോട്ടിക് ആര്‍മി നമ്പരിലേക്ക് വാട്‌സാപ്പ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 9995966666 എന്ന നമ്പറില്‍ വിവരം അറിയിക്കാം. ഇത്തരത്തില്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.