സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ അവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ആസൂത്രണമാണ് വേണ്ടതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികവർഗ്ഗ പ്രമോട്ടർമാർക്കായി കിലയിൽ സംഘടിപ്പിച്ച രണ്ടാംഘട്ട ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അധികാരവും സമ്പത്തും മേലുദ്യോഗസ്ഥരിൽ മാത്രം നിലനിൽക്കുമ്പോഴാണ് തകർച്ച ഉണ്ടാകുന്നത്. അവ താഴേ തട്ടിലേക്ക് വികേന്ദ്രികരണം നടത്തിയാൽ മാത്രമേ വികസനം ലക്ഷ്യം കാണൂ എന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ, കാസറഗോഡ് ജില്ലയിൽ നിന്നായി 60 പ്രൊമോട്ടർമാരാണ് നാല് ദിവസമായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടികവർഗ്ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ് വിധുമോൾ, കില ട്രൈബൽ ഡെവലപ്മന്റ് ഓഫീസർ എം ഷമീന, അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ കെ ജി മനോജ്, കോഴ്സ് ഡയറക്ടർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.