മാറുന്ന കാലത്ത് ആരോഗ്യ പരിപാലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. സ്കൂൾ കാലത്തെ കായികക്ഷമതയുള്ള വിദ്യാർത്ഥിയായി സ്വയം വേദിയിൽ പരിചയപ്പെടുത്തിയാണ് മന്ത്രി ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച വനിതാ ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്വന്തം ആരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രധാനം. ജീവിതത്തിലെ ഏത് പ്രതിസന്ധികളും നേരിടാനുള്ള മാനസികവും ശാരീരികവുമായ ആരോഗ്യം കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യമുള്ള ഒരു സമൂഹമാണ് വേണ്ടത്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന കാലത്ത് പ്രതിരോധശേഷി ആർജിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സ്പീക്കർ ആയിരുന്ന കാലത്ത് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായ അനുഭവങ്ങളും മന്ത്രി പങ്കുവെച്ചു.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2020 – 21 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജീവിത ശൈലീ രോഗങ്ങൾ സ്ത്രീകളിൽ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്തി അതിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്തുകയുമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ആർ മായ, ദീപ എസ് നായർ, സാബിറ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.