സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ സ്വച്ഛ് അമൃത് മഹോത്സവവും സ്വച്ഛത ലീഗ് റാലിയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തില്‍ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് എസിപി ടി എസ് സിനോജ് നിര്‍വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ സൗമ്യ അനിലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി എം സുരേഷ്, പ്രിയ സജീഷ്, ടി സോമശേഖരൻ, നഗരസഭാ സെക്രട്ടറി വിഎസ് സന്ദീപ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷമണൻ, കൗൺസിലർമാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ഗുരുവായൂര്‍ റോഡിലൂടെ ചുറ്റി കുന്നംകുളം ജവഹര്‍ സ്ക്വയറില്‍ റാലി സമാപിച്ചു. തുടർന്ന് ജവഹര്‍ സ്ക്വയര്‍ സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുടെ കരാട്ടെ പ്രദര്‍ശനം, സ്കൌട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികളുടെ പരേഡ് എന്നിവ നടന്നു.
സാംസ്കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്കാരിക സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബംഗങ്ങള്‍ തുടങ്ങി നൂറുകണക്കിന് പേരാണ് റാലിയുടെ ഭാഗമായത്. സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്വച്ഛതാ ലീഗിന്റെ ഭാഗമാകാനായി ഗുഡ് ഹോം – ഗുഡ് സിറ്റി കുന്നംകുളം മുനിസിപ്പാലിറ്റി എന്ന പേരില്‍ നഗരസഭയില്‍ ടീം സജ്ജീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2 വരെ നഗരസഭയില്‍ ആഘോഷ പരിപാടികൾ നടക്കും.