തൊഴിൽസഭ റിസോഴ്സ് പേഴ്സൺമാർക്കുള്ള ജില്ലാതല പരിശീലനത്തിന് തുടക്കം. യുവതയെ തൊഴിലിലേയ്ക്കും സംരംഭങ്ങളിലേയ്ക്കും നയിക്കുന്ന തൊഴിൽസഭയുടെ പാലക്കാട്, തൃശൂർ ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകിയത്.
തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ തൊഴിൽ ആസൂത്രണം സാധ്യമാക്കുകയും ചെയ്യുന്നതിനുള്ള സൂക്ഷ്മതല ജനകീയ സംവിധാനമാണ് തൊഴിൽസഭകൾ.സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ മാസത്തോടെ തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ട്രെയിനിംഗ് ജില്ലയിൽ ആരംഭിച്ചത്.
സംഗീത നാടക അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ട്രെയിനിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് എത്തിയ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ, ഫീൽഡ് ഫെസിലിറ്റേറ്റർ എന്നിവർ പരിശീലനത്തിന്റെ ഭാഗമായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശീലനമാണ് നൽകിയത്. തുടർന്ന് മാതൃക തൊഴിൽ സഭ സംഘടിപ്പിച്ച ശേഷം സംശയ നിവാരണവും നടത്തി.
തൃശൂർ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ് സി നിർമൽ അധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ എ കെ വിനീത, മറ്റു കുടുംബശ്രീ ഉദ്യോഗസ്ഥർ, കേരള നോളേജ് ഇക്കോണമി മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷനും കേരള നോളജ് ഇക്കണോമി മിഷനും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.