സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. ഇതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ എൻഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. രക്ഷകർത്താക്കളുടെ ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന രീതി ഉണ്ടാകരുതെന്ന് ഓർമപ്പെടുത്തിയ കലക്ടർ സിവിൽ സർവീസ് പരീക്ഷയിലെ സ്വന്തം അനുഭവകഥകളും വേദിയിൽ പങ്കുവെച്ചു.

ചാവക്കാട് നഗരസഭ ചെയർമാനായിരുന്ന കെ പി വത്സലന്റെ സ്മരണാർത്ഥം നഗരസഭ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് 151 വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്തത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരസഭ വിദ്യാർത്ഥികൾക്കായി നടത്തിയ ദേശഭക്തിഗാനം, പെയിന്റിംഗ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

നഗരസഭഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്റ ലത്തീഫ്, ഷാഹിന സലിം, പ്രസന്ന രണദിവെ, അഡ്വ.മുഹമ്മദ് അൻവർ, പി എസ് അബ്ദുൾ റഹീദ്, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.