ആലപ്പുഴ: രണ്ട് ദിവസമായി 24 മണിക്കൂറും തുടരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വാര്‍ റൂമായി ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസ് മാറി. യുദ്ധ മുറിക്ക് സമാനമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തീരുമാനങ്ങളാണ് ഇവിടെ നിന്നും ദ്രുതഗതിയില്‍ രൂപപ്പെട്ടത്. ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ മുഴുവന്‍ സമയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ഉടനടി നല്‍കി. ചെങ്ങന്നൂരില്‍ ഇന്നലെ ഹെലികോപ്ടറിലെത്തിയ ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ പി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഐ.ജി. വിജയ് സാക്കറെ, ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്നലെ ചെങ്ങന്നൂരിലെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്. മരിക്കാരായവരെ ജീവനോടെ ക്യാമ്പുകളില്‍ എത്തിക്കുക എന്ന ദുഷ്‌ക്കരമായ പ്രവര്‍ത്തിയാണ് താലൂക്ക് ഓഫീസിന്റെ നേതൃത്വത്തില്‍ നടന്നത്. നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കാമായിരുന്ന സാഹചര്യത്തെ കൈപ്പിടിയിലൊതുക്കാനായത് സ്‌പെഷ്യല്‍ ഓഫീസറുടേയും ജില്ലാ കളക്ടറുടേയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടുകളാണ്. കൃത്യതയാര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ചെങ്ങന്നൂരിലുണ്ടായ പ്രളയ ദുരന്തത്തെ ഒമ്പത് പേരുടെ മരണത്തില്‍ ഒതുക്കാന്‍ കഴിഞ്ഞത്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. പാണ്ടനാട് ചില സ്ഥലങ്ങളില്‍ ഇപ്പോഴും നാമമാത്രമായി ക്യാമ്പില്‍ എത്താതെ അവശേഷിക്കുന്നവര്‍ക്കുള്ള ഭക്ഷണവും മരുന്നുകളും അതിവേഗത്തില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ഫോണ്‍ കണക്ഷനുകളുള്ള ചെങ്ങന്നൂരിലെ കണ്ട്രോള്‍ റൂം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനനിരതമാണ്. വിവിധ കൗണ്ടറുകളിലായി രക്ഷാ ബോട്ടുകളുടെ രജിസ്‌ട്രേഷന്‍, ടണ്‍ കണക്കിന് ഭക്ഷണ വസ്തുക്കളുടെ വിതരണം, സൈന്യത്തിന്റെ വിന്യാസം തുടങ്ങിയവ നടന്നു വരുന്നു. ഒരു ലക്ഷത്തിലധികം ആളുകളെയാണ് മരണമുഖത്തു നിന്നും രക്ഷിച്ചെടുത്തത്. ചെങ്ങന്നൂരിലെ പതിനൊന്ന് വില്ലേജുകളിലേയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ തയ്യാറായി കഴിഞ്ഞു. അഞ്ച് ഹെലികോപ്ടറുകളിലായി ഇന്നലേയും ഭക്ഷണ വിതരണവും രക്ഷാ പ്രവര്‍ത്തനവും നടത്തി. താലൂക്ക് ഓഫീസിനോട് അനുബന്ധിച്ചുള്ള അഞ്ച് ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ യഥേഷ്ടം ക്യാമ്പുകളിലേക്കും തുരുത്തുകളില്‍ അവശേഷിക്കുന്നവര്‍ക്കുമായി വിതരണം ചെയ്തു വരുന്നു. ക്യാമ്പുകളില്‍ ആവശ്യമായ പാചക വാതക സിലിണ്ടറുകള്‍ ഗ്യാസ് ഏജന്‍സികളില്‍ നിന്നും എത്തിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ പി. വേണുഗോപാല്‍ പറഞ്ഞു. 50 ജനറേറ്ററുകള്‍ തയ്യാറായിട്ടുണ്ട്. ക്യാമ്പുകളില്‍ വെളിച്ചമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. എല്ലാ ക്യാമ്പുകളിലും ആവശ്യമുള്ള അത്രയും സിലിണ്ടറുകളുടെ കണക്ഷന്‍ നല്‍കണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ പക്കല്‍ മാത്രം 51 ടോറസ് ലോറികളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. 53 അസ്‌കാ ലൈറ്റുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.