ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സോയില്‍ സര്‍വേ-സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിന്റെ അഭിമുഖ്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്കും, കര്‍ഷകര്‍ക്കുമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാലയില്‍ കോട്ടത്തറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ്. അനുപമ അധ്യക്ഷത വഹിച്ചു. ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാന നിര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. മൂന്ന് സെഷനുകളായി നടന്ന ശില്‍പശാലയില്‍ പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ശില്‍പാല ചര്‍ച്ച ചെയ്തു. പീച്ചി കേരള വന ഗവേഷണ കേന്ദ്രം സീനിയര്‍ സയന്റിസ്റ്റ് ഡോ. എസ്. സന്ദീപ് ഉരുള്‍പ്പൊട്ടല്‍ സാധ്യതയും പ്രതിരോധവും എന്ന വിഷയത്തിലും തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കേളേജ് പ്രൊഫസര്‍ ഡോ. വി.എം. അബ്ദുള്‍ ഹക്കിം പ്രകൃതി വിഭവ പരിപാലനം എന്ന വിഷയത്തിലും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി. ഷജീഷ് ജാന്‍ കാലാവസ്ഥ വ്യതിയാനവും കൃഷിയും എന്ന വിഷയത്തിലും പരിശീലന ക്ലാസുകള്‍ നയിച്ചു.

കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ കെ.കെ. വത്സല, കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സംഗീത് സോമന്‍, മണ്ണ് സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ആനന്ദബോസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏകദിന ശില്‍പശാലയില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.