മലയോര മേഖലയിലെ പട്ടയ വിതരണം പൂർത്തിയാക്കുന്നതിനായി മിഷൻ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെയും ഭൂമിയുടെ ഉടമകളാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. മലയോര മേഖലയിലെ പട്ടയം വിതരണം ഒരു സുപ്രധാന മിഷനായി ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. താമര വെള്ളച്ചാൽ എസ് സി കമ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,77,000 പേർക്ക് പട്ടയം നൽകാനായി. കോവിഡ് പ്രതിസന്ധിക്കിടയിലും ഈ ഒരു വർഷത്തിൽ 54535 പേരെയാണ് ഭൂമിയുടെ അവകാശികളാക്കാനായത്. അത് ശ്രദ്ധേയമായ പരിശ്രമം ആയിരുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സിയാലിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് താമര വെള്ളച്ചാൽ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.
പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ നിർമ്മിതി കേന്ദ്രം എൻജിനീയർ സതി ദേവി, വാർഡ് മെമ്പർ അജിത മോഹൻദാസ്, വാർഡ് കൺവീനർ ബിജുമോൻ, എസ് സി കൂട്ടായ്മ സെക്രട്ടറി ഹരികുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.