കോർപ്പറേഷൻറെ സഹകരണത്തോടുകൂടി ഉൽപാദനമേഖലയെ ഊർജസ്വലമാക്കി കേരളം ഭക്ഷ്യോൽപാദനത്തിൽ പര്യാപ്തത നേടണം എന്ന് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡലം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

ഉൽപ്പാദന മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുവാനും അതിനുവേണ്ട ഫണ്ടുകൾ കൃത്യമായി ചിലവഴിക്കാനും സാധിക്കണം. കൃഷിക്ക് സൗകര്യമാകുന്ന തരത്തിൽ ഇറിഗേഷൻ കനാലുകളുടെ ആഴംകൂട്ടി വെള്ളം സുഖമായി ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ചേർന്ന യോഗത്തിൽ ഒല്ലൂർ മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്കായി പാടശേഖര സമിതിയുടെ നിർദ്ദേശങ്ങളും രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്താവുന്ന ആവശ്യങ്ങളും ഉന്നയിച്ചു. ഇതിൽവരുന്ന കോൾ മേഖലയിലെ എല്ലാ പ്രവർത്തികളും ആർ കെ വി വൈയിൽ ഉൾപ്പെടുത്തി പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

യോഗത്തിൽ കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ, ജലസേചന വകുപ്പ്, കെഎസ്ഇബി, കൃഷി വകുപ്പ്, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, വിവിധ പാടശേഖര സമിതി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.