ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ഒല്ലൂർ ബ്രാന്റ് ഉൽപ്പന്നം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അടുത്ത ഒരു വർഷത്തിനുള്ളിൽ ഉൽപ്പന്നം വിപണിയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് വരുമാനം ലഭിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ഒല്ലൂർ കൃഷി സമൃദ്ധി നടത്തുന്നത്. ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ ശേഖരിച്ച് വിപണിലെത്തിക്കുന്നതിൽ വിജയം കൈവരിക്കാൻ ഒല്ലൂർ കൃഷി സമൃദ്ധിക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഒന്നര മാസത്തിനുള്ളിൽ 38 ടൺ പച്ച തേങ്ങ സംഭരിച്ച് കേരഫെഡിന് കൈമാറാനും ഇതിൽ നിന്ന് ലാഭിച്ച 12 ലക്ഷം രൂപ കേരഫെഡ് വഴി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനും ഒല്ലൂർ കൃഷി സമൃദ്ധിക്ക് കഴിഞ്ഞു. പുത്തൂർ, മാന്ദാമംഗലത്ത് ആരംഭിച്ച ലേലചന്തയിൽ 40 ടൺ പഴം, പച്ചക്കറിയാണ് കർഷകരിൽ നിന്ന് ശേഖരിച്ചത്. ജൂലൈ- ആഗസ്റ്റ് മാസത്തിൽ മാത്രം 17 ലക്ഷം രൂപയുടെ വിപണനമാണ്  ഒല്ലൂർ കൃഷി സമൃദ്ധി നടത്തിയത്.

ഒല്ലുക്കര സർവ്വീസ് സഹകരണ ഹാളിൽ നടന്ന പരിപാടിയിൽ  ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കനിഷ്കൻ കെ വിൽസൻ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ എം എസ് പ്രദീപ് കുമാർ, ക്യഷി അസിസ്റ്റൻ്റ് ഡയറക്ടർ പി സി സത്യവർമ്മ, സി സി ഒ ശ്രീജിത്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, കർഷകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.