ഒക്‌ടോബര്‍ 2ന് സ്‌കൂളുകളില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തില്‍ ജില്ലാതല അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ 18 ബിആര്‍സികളുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളില്‍ നിന്നുള്ള 241 അധ്യാപകരും എക്‌സൈസ് വകുപ്പിലെ 25 ഉദ്യോഗസ്ഥരും പരിശീലനത്തില്‍ പങ്കെടുത്തു. ലഹരി എന്ന വിപത്തിനെതിരെ അധ്യാപകരിലും അതുവഴി രക്ഷിതാക്കളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുക എന്നതാണ് പരിശീലനത്തിലൂടെ ലക്ഷ്യമിട്ടത്.
സമഗ്ര ശിക്ഷാ കേരള ജില്ലയിലെ 18 ബിആര്‍സികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകാരമുളള അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം വരുന്ന അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ 29നുള്ളില്‍ പരിശീലനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിജ്ഞാന്‍സാഗറില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യവകുപ്പില്‍ നിന്ന് ഡോ.സെബിന്ത്കുമാര്‍, ചേര്‍പ്പ് എസ്.ഐ. രാമചന്ദ്രന്‍, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷഫീഖ് എന്നിവര്‍ ഏകദിന ശില്പശാല നയിച്ചു. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ.എന്‍ ജെ ബിനോയ്, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ ബി ബ്രിജി എന്നിവര്‍ പങ്കെടുത്തു.