ദൃഷ്ടി പദ്ധതി നടപ്പിലാക്കുന്നത് 30 സ്കൂളുകളിൽ
വിദ്യാർത്ഥികളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനൊപ്പം ആരോഗ്യമുള്ളവരാക്കി മാറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിന്റെ ഭാഗമായാണ് പൊതു വിദ്യാലയങ്ങളിൽ ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ നേത്ര സംരക്ഷണത്തിനായി ആവിഷ്കരിച്ച ദൃഷ്ടി പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളെ പാഠ്യപദ്ധതിയുടെ മാത്രം ഭാഗമാക്കാതെ എല്ലാ മേഖലകളിലും മുന്നിട്ട് നിർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. കുട്ടികളിലെ ശാരീരീക പരിമിതികൾ കണ്ടെത്തി അവരെ പൂർണ്ണ ആരോഗ്യമുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദൃഷ്ടി നേത്ര സംരക്ഷണ പദ്ധതിയുടെ ഭാഗമായി 260 വിദ്യാർത്ഥികളുടെ കണ്ണ് പരിശോധിച്ചു. ഈ വർഷം ജില്ലയിലെ 30 സ്കൂളുകളിലാണ് ദൃഷ്ടി പദ്ധതി നടപ്പിലാക്കുന്നത്. 600 വിദ്യാർത്ഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇരിങ്ങാലക്കുട ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലും രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുമാണ് തുടർ ചികിത്സ ലഭ്യമാക്കുക.
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. “കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം” എന്ന കാഴ്ചപ്പാടിൽ 2012-13 കാലഘട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്. കുട്ടികളിലെ കാഴ്ചത്തകരാറുകൾ പരിഹരിച്ച് കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് ദൃഷ്ടിയിലൂടെ ലക്ഷ്യമിടുന്നത്. കാഴ്ച വർദ്ധിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സമഗ്ര ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും പദ്ധതി സഹായകമാകുന്നു
ജിഎച്ച്എസ് കട്ടിലപൂവം സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ അധ്യക്ഷയായി. ആർവിഡിഎ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം ജെ ശ്യാമള, ദൃഷ്ടി പദ്ധതി സംസ്ഥാന കൺവീനർ ഡോ. പി കെ നേത്രദാസ് , മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര , ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് സുരേഷ് ബാബു, ഡി ഇ ഒ വിജയ കുമാരി , തൃശൂർ എഇഒ പി എം ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ആർ സുധ, പ്രിൻസിപ്പൽ കെ എം ഏലിയാസ്, പിടിഎ പ്രസിഡന്റ് ജെയ്മി ജോർജ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു