മത്സ്യവിത്ത് ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യം

പൊയ്യ അഡാക്ക് മോഡൽ ഫിഷ് ഫാമിൽ മത്സ്യ ഉൽപാദന വർദ്ധനവ് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. നിർമാണം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യാനാകും. ഇപ്പോൾ ഫാമിൽ നടക്കുന്ന വിത്തുല്പാദനത്തിൻ്റെ ഇരട്ടി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്.

വിത്തുല്പാദന യൂണിറ്റിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി 2019ൽ 2.93 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നാല് മീറ്റർ നീളവും രണ്ട് മീറ്റർ വീതം ഉയരവും വീതിയുമുളള 64 ബ്രീഡിംഗ് ടാങ്കുകളും അഞ്ച് മീറ്റർ വീതം നീളവും വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള നാല് ജലസംഭരണികളുമാണ് ഉല്പാദന യൂണിറ്റിന്റെ ഭാഗമായി നിർമ്മിക്കുന്നത്. നിലവിൽ 30 ടാങ്കുകളിലായാണ് കരിമീൻ വിത്തുല്പാദനം. തൃശ്ശൂർ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.

കേരളത്തിൽ മത്സ്യകർഷകർ നേരിടുന്ന പ്രധാന പ്രശ്നം ഗുണമേന്മയുള്ള മത്സ്യവിത്ത് ലഭിക്കാത്തതാണ്. സംസ്ഥാനത്തിന് ആവശ്യമായ മത്സ്യവിത്തിൻ്റെ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള മത്സ്യവിത്തിൻ്റെ ലഭ്യത ഉറപ്പുവരുത്തുവാൻ പൊയ്യ ഫാമിൽ ആരംഭിക്കുന്ന വിത്തുല്പാദന യൂണിറ്റിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കും.

മത്സ്യബന്ധനത്തിലൂടെയുളള മത്സ്യ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മത്സ്യകൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുളള വിവിധ പദ്ധതികളാണ് സംസ്ഥാന തലത്തിൽ സർക്കാർ നടപ്പിലാക്കി വരുന്നത്. നൂതന കൃഷിസമ്പ്രദായങ്ങൾ അവലംബിച്ച് വൈവിധ്യമാർന്ന മത്സ്യ ഇനങ്ങൾ കൃഷിയിലുൾപ്പെടുത്തി ഉൽപാദന വർദ്ധനവിനുള്ള പ്രവർത്തനം സംസ്ഥാനത്തുടനീളം ഏറ്റെടുത്തു നടത്തുന്നു. ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നിവ സർക്കാർ നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികളാണ്. മത്സ്യകൃഷി മുഖേനയുളള മത്സ്യ ഉൽപ്പാദനം 25000 ടണ്ണിൽ നിന്നും 1.5 ലക്ഷം ടണ്ണായി വരും വർഷങ്ങളിൽ ഉത്പാദിപ്പിക്കുകയാണ് ഈ വികസന പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി സ്ഥാപനമായ അഡാക്ക് ഫിഷ് ഫാമിൽ ടൂറിസം പദ്ധതികൾക്ക് കൂടി തുടക്കം കുറിക്കുകയാണ്. വി ആർ സുനിൽ കുമാർ എംഎൽഎ യുടെ പ്രത്യേക വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ബോട്ടുകൾ, സന്ദർശകർക്കായി വിവിധ സൗകര്യങ്ങൾ എന്നിവയും ഒരുക്കിവരുന്നു.