ആരോഗ്യ മേഖലയില്‍ വന്‍ കുതിപ്പുമായി വടക്കാഞ്ചേരി നിയോജകമണ്ഡലം. നിരവധി പദ്ധതികള്‍ക്കാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ തുക അനുവദിച്ച് തുടക്കം കുറിക്കാനായത്. ആരോഗ്യ മേഖലയിലെ ഈ വികസന കുതിപ്പിന് തുടര്‍ച്ച എന്നോണം അവണൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് 1.43 കോടി രൂപ അനുവദിച്ചതായി സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അറിയിച്ചു.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവണൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാല്‍ കൂടുതല്‍ തുക ആവശ്യമാണെന്ന് എം എല്‍ എ വിളിച്ചു ചേര്‍ത്ത മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ സംബന്ധിച്ച യോഗത്തില്‍ ചര്‍ച്ച ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. അപ്രകാരം സമര്‍പ്പിച്ച പദ്ധതിയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ച് 1.43 കോടി രൂപ അനുവദിച്ചത്.
രജിസ്ട്രേഷന്‍ കൗണ്ടര്‍, പ്രീ-ചെക്കപ്പ് ഏരിയ, രോഗീസൗഹൃദ കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് സൗകര്യത്തോടുകൂടിയ ഓ പി കണ്‍സള്‍ട്ടേഷന്‍ മുറികളും ഒബ്സര്‍വേഷന്‍ റൂമും നഴ്സിംഗ് സ്റ്റേഷനും ഇന്‍ജെക്ഷന്‍ റൂം, ഡ്രെസ്സിംഗ് റൂം, സ്വാസ് / ആശ്വാസ് ക്ലിനിക്, ലാബ്, ഓഫീസ്, ഇമ്മ്യൂണൈസേഷന്‍ റൂം, പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ് റൂം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ക്കായാണ് തുക അനുവദിച്ചത്.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ 15.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 8.35 കോടി രൂപയില്‍ കാഷ്വാലിറ്റി ബ്ലോക്ക് രണ്ടാം ഘട്ടം നിര്‍മ്മാണം ആരംഭിച്ചു. ഓ പി ട്രാന്‍സ്ഫര്‍മേഷന്‍ (1.5 കോടി) ആരംഭിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു. എം എല്‍ എ ഫണ്ടും കിഫ്ബി ഫണ്ടും പ്രയോജനപ്പെടുത്തി നിര്‍മ്മിക്കുന്ന ഐസൊലേഷൻ വാര്‍ഡ്‌ (1.79 കോടി) നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നു. ജില്ലാ പ്രാഥമിക ഇടപെടല്‍ കേന്ദ്രം (ഡി ഇ ഐ സി) ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഓക്സിജന്‍ പ്ലാന്റ് 2.9 കോടി രൂപയില്‍ പണി പൂര്‍ത്തിയായി. കിടക്കകളിലെക്ക് ഓക്സിജന്‍ വിതരണം ചെയ്യാന്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ലേബർ റൂം സ്ട്രെങ്തനിങ് (2.29 കോടി ) പ്രവൃത്തി നടക്കുന്നു. 10 ലക്ഷം രൂപ ചിലവില്‍ ജില്ലാ ആശുപത്രിക്ക് വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും സബ് സെന്ററുകളും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി. ഇ-ഹെൽത്ത് പദ്ധതി എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും നടപ്പിലാക്കി വരുന്നു. ഈ വികസന പ്രവര്‍ത്തനങ്ങളുടെ തുടർച്ചയായാണ് ഇപ്പോള്‍ അവണൂര്‍ പി എച്ച് സി യില്‍ നടക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമായി അവണൂര്‍ പി എച്ച് സി യെ ഉയര്‍ത്തുമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അറിയിച്ചു.