അന്നമനട പഞ്ചായത്തും തൃശൂർ എംപ്ലോയബിലിറ്റി സെന്ററും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് ഫെയർ നടത്തുന്നത്. വി ആർ സുനിൽകുമാർ എംഎൽഎ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു. മാതൃക പ്രവർത്തനങ്ങളാണ് അന്നമനട പഞ്ചായത്ത് നടത്തുന്നതെന്നും എല്ലാ വർഷവും ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

പ്രതീക്ഷ 2022 എന്ന പേരിൽ നടന്ന ജോബ് ഫെയറിൽ 35 സ്ഥാപനങ്ങൾ പങ്കെടുത്തു. 1650 ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത
ഫെയറിൽ നിന്ന് 340 പേരെ തിരഞ്ഞെടുത്തു.

അന്നമനട വി എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷത വഹിച്ചു. നടൻ ഷൈജു ശ്രീധർ മുഖ്യാതിഥിയായി. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ എം ശിവദാസൻ പദ്ധതി വിശദീകരിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൻ, വൈസ് പ്രസിഡൻ്റ് ഒ സി രവി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടെസി ടൈറ്റസ്, സ്ഥിരം സമിതി അധ്യക്ഷരായ ടി കെ സതീശൻ, സിന്ധു ജയൻ, വൊക്കേഷൻ ഗൈഡൻസ് എംപ്ലോയ്‌മെന്റ് ഓഫീസർ വി എം ഹംസ എന്നിവർ സംസാരിച്ചു.