ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കാനായി സ്വീപ് ആലപ്പുഴയുടെയും സെന്റ് ജോസഫ്സ് വിമന്‍സ് കോളേജ് തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ കാമ്പയിന്‍ നടത്തി. കാമ്പയിന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ ക്ലാസും നടന്നു.
വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി കോളേജില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ നടത്തിയിരുന്നു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. റീത്ത ലത ഡികോത്തോ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി വികസന കമ്മീഷണര്‍ പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഡോ.വി.എസ് സുലീന, അസിസ്റ്റന്റ് പ്രൊഫസര്‍ ശ്വേത എന്നിവര്‍ സംസാരിച്ചു.